മേയറുടെ അഭ്യർഥന

ഞാൻ തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ

കോവിഡ് മഹാമാരിയുടെ മുന്നിൽ ലോകം പകച്ചു നിൽക്കുകയാണല്ലോ?നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം രണ്ട് പ്രളയത്തെ തുടർന്ന് വന്ന മറ്റൊരു വലിയ പ്രതിസന്ധിയാണിത്.പ്രളയത്തിന് ശേഷം കരകയറി തുടങ്ങിയ കേരളത്തിന് മുമ്പിൽ ഇടിത്തീയായാണ് കോവിഡ് 19 പടർന്നിരിക്കുന്നത്.

പ്രളയത്തിൽ മുങ്ങിത്താഴ്ന്ന കേരള ജനതയെ സ്വയമേവ ബോട്ടുകളുമായിയെത്തി ജീവൻ പണയം വച്ച് കരക്കെത്തിച്ച കേരളത്തിന്റെ സ്വന്തം സൈന്യമായ തീരദേശത്തെ മൽസ്യത്തൊഴിലാളികൾ ഓഖിയും തുടർന്നുള്ള കടൽക്ഷോഭവും ഈ മഹാമാരിയും മൂലം തീരാ ദുരിതത്തിലാണ്.

നമ്മുടെ സ്വന്തം സൈന്യത്തെ ചേർത്ത് പിടിക്കേണ്ടത് ഓരോ മനുഷ്യ സ്നേഹിയുടെയും കടമയാണ്. ഈ മഹാമാരി ജീവിതത്തിന്റെ സമസ്ത മേഖലയെയും തകർത്തു എന്നത് വാസ്തവം തന്നെയാണ്.എന്നിരുന്നാലും ദുരിതമനുഭവിക്കുന്ന തീരദേശത്തെ മൽസ്യത്തൊഴിലാളികൾക്ക് ഒരു ചെറിയ കൈത്താങ്ങായി കഷ്ടപ്പടിന്റെ നടുക്കടലിൽ നിന്നും അവരെ കൈപിടിച്ച് കയറ്റാൻ നാം ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്.

കഴിയുന്നതുപോലെയുള്ള സഹായം തീരദേശത്ത് എത്തിക്കേണ്ടതുണ്ട്.ഇതിനായി തിരുവനന്തപുരം നഗരസഭ തീരത്തിനൊരു കൈത്താങ്ങ് പദ്ധതി നടപ്പിലാക്കുയാണ്.

ഒരു കുടുംബത്തിന് 1000 രൂപയുടെ ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.തികച്ചു സുതാര്യമായി ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു വെബ് പോർട്ടലും നഗരസഭ ആരംഭിച്ചിട്ടുണ്ട്.donatetmc.in എന്ന വെബ്സൈറ്റിലൂടെ നിങൾ ഓരോരുത്തർക്കും ഈ സഹായം എത്തിക്കാവുന്നതാണ് കൺസ്യൂമർഫെഡ് വഴിയാണ് ഈ കിറ്റുകൾ വിതരണം ചെയ്യുന്നത്.

കോവിഡ് പ്രതിസന്ധിയിൽ താങ്കളും കുടുംബവും ബുദ്ധിമുട്ടിലാണെന്ന് അറിയാമെങ്കിലും താങ്കൾ കഴിയുന്നത്ര കുടുംബങ്ങളെ സഹായിക്കുന്നതിനോടൊപ്പം തന്നെ താങ്കളുടെ സുഹൃത്തുക്കളോടും പരിചയത്തിലുള്ള മുഴുവൻ മനുഷ്യസ്നേഹികളോടും എൻ്റെ ഈ അഭ്യർഥന എത്തിച്ച് പരമാവധി സഹായിക്കണമെന്ന് നഗരസഭ മേയർ എന്ന നിലയിൽ അഭ്യർത്ഥിക്കുകയാണ്.

കരുതലോടെ നമ്മുക്കൊരുമിച്ചു നിൽക്കാം എല്ലാവരുടെയും സഹായം ഇതിനായി ഒരിക്കൽകൂടി അഭ്യത്ഥിക്കുന്നു.