About

പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായി മാറിയ തീരദേശത്തെ നമ്മുടെ സ്വന്തം സൈന്യം ഈ കോവിഡ് കാലത്ത് വറുതിയുടെ നടുക്കടലിലാണ്. കോവിഡ് 19ന്റെ അതിവ്യാപനം തടയുന്നതിനായി കണ്ടെയ്ന്റ്മെന്റ് സോണുകളാക്കേണ്ടി വന്ന തീരദേശത്തെ മല്‍സ്യത്തൊഴിലാളികളെ പട്ടിണിയില്‍ നിന്നു രക്ഷിക്കാന്‍ കുറച്ചുനാളത്തേക്ക് സര്‍ക്കാരും പുറംലോകവും നല്‍കുന്ന കൈത്താങ്ങ് കൂടിയേ തീരൂ. ഇത്തരമൊരു സാഹചര്യത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ബഹുഭൂരിപക്ഷം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുവേണ്ടി പുറംലോകത്തിന്റെ സ്നേഹവും സഹായവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ അഭ്യര്‍ഥിക്കുകയാണ്.

ഓരോ കുടുംബത്തിനും ആയിരം രൂപയില്‍ കുറയാത്ത നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകള്‍ കണ്‍സ്യൂമര്‍ഫെഡ് വഴി തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുകയാണ്. തുടക്കമെന്ന നിലയില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 13 തീരദേശ വാര്‍ഡുകളിലായി ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യേണ്ടത്. നിങ്ങളാണ് ആ കിറ്റുകള്‍ ഓരോന്നും വാങ്ങിനല്‍കേണ്ടത്. ഒരു കിറ്റിന് 1000 രൂപ നിരക്കില്‍ ഒരാള്‍ക്ക് എത്ര കിറ്റിനുള്ള പണവും നല്‍കാം. ആദ്യഘട്ടത്തിനുള്ള പണം ലഭ്യമായാല്‍ ഉടന്‍ തന്നെ കണ്‍സ്യൂമര്‍ഫെഡ് തയ്യാറാക്കിയ കിറ്റുകള്‍ അര്‍ഹരായവര്‍ക്ക് റേഷന്‍ കാര്‍ഡില്‍ പതിച്ച് വിതരണം ചെയ്യും. സംഭാവന നല്‍കുന്നവരുടെ വിവരങ്ങളഉം കണക്കുകളും ഓരോ വാര്‍ഡിലും വിതരണം ചെയ്യുന്ന കിറ്റുകളുടെ കണക്കുകളും വെബ്സൈറ്റ് വഴി ആര്‍ക്കും പരിശോധിക്കാം.

ഇതിനായി ആരില്‍ നിന്നും കോര്‍പ്പറേഷന്‍ നേരിട്ട് പണം വാങ്ങുന്നില്ല. http://donatetmc.in/ എന്ന വെബ്സൈറ്റില്‍ കയറി നിങ്ങള്‍ക്ക് സംഭാവന നല്‍കാം. ഈ തുക നഗരസഭയുടെ മേല്‍നോട്ടത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുക. കൂടുതല്‍ പേര്‍ കിറ്റുകള്‍ക്കായി പണം നല്‍കാന്‍ തയ്യാറാകുന്നപക്ഷം മറ്റു മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം: 9496434410, 0471-2377706
ഇ-മെയില്‍: tvmmayor.dua@kerala.gov.in